ഇന്ത്യ മുന്നണിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് തന്നെ അധ്യക്ഷന്‍ വേണമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ പറഞ്ഞതോടെയാണ് ഖാര്‍ഖെയെ തെരഞ്ഞെടുത്തതെന്നാണ് സൂചന. നിതീഷ് കുമാറിനെ മുന്നണിയുടെ കണ്‍വീനറാക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാല്‍ പദവി അദ്ദേഹം നിരസിച്ചതായാണ് വിവരം.
ലോക്സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് മുന്നണിയുടെ നേതൃയോഗം ചേര്‍ന്നത്. എന്നാല്‍ യോഗത്തില്‍ തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രയുമായ മമത ബാനര്‍ജിയും സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. മുന്‍കൂട്ടിയുള്ള പരിപാടിയുള്ളതിനാല്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി നേരത്തെ തന്നെ അസൗകര്യം അറിയിച്ചിരുന്നു.
ഓണ്‍ലൈന്‍ ആയി നടന്ന യോഗത്തില്‍ ഖാര്‍ഗെയെ കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ഡിഎംകെ പ്രസിഡന്റും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ എന്നിവര്‍ പങ്കെടുത്തു.