അബുജ: എണ്ണ മോഷണം ആരോപിച്ച് ഒൻപത് മാസത്തിലേറെയായി നൈജീരിയ തടവിലാക്കിയ നാവികരുടെ മോചനത്തിന് വഴി തെളിയുന്നു. വിചാരണയ്ക്ക് ഒടുവിൽ നൈജീരിയയിലെ കോടതി നാവികരെ കുറ്റവിമുക്തരാക്കിയതോടെയാണ് ഇവരുടെ മോചനത്തിന് വഴി തുറന്നത്. മൂന്ന് മലയാളികൾ അടക്കം 16 ഇന്ത്യൻ നാവികരാണ് കപ്പലിലുള്ളത്.
സനു ജോസ്, മിൽട്ടൻ, വിജിത്ത് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ആകെ 26 നാവികരാണ് ഹീറോയിക് ഇഡുൻ എന്ന കപ്പലിലുള്ളത്. കപ്പൽ വിട്ടുകിട്ടാൻ ഉടമകൾ ഒൻപത് ലക്ഷം രൂപയോളം പിഴയടയ്ക്കേണ്ടി വരും. വൻ തുക നഷ്ടപരിഹാരവും നൽകണം. ഈ നടപടികൾ കൂടി പൂർത്തിയായാൽ നാവികർക്ക് ഇന്ത്യയിലേക്ക് തിരിച്ചു വരാൻ സാധിക്കും എന്നാണ് കരുതുന്നത്.
ഇക്വറ്റോറിയല്‍ – ഗിനി നാവികസേന ആഗസ്റ്റ് ഒമ്പതിനാണ് എം ടി ഹീറോയിക് ഇഡുന്‍ എന്ന കപ്പല്‍ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് നൈജീരിയന്‍ നാവികസേന അറിയിച്ചതിനെതുടര്‍ന്നായിരുന്നു നടപടി. കപ്പലിനേയും നാവികരേയും പിന്നീട് നൈജീരിയയിലേക്ക് കൊണ്ടു പോയി. നൈജീരിയയിലെ ബോണി ആങ്കേറേജ് തുറമുഖത്ത് എത്തിച്ച നാവികർ തങ്ങളുടെ ചരക്കുകപ്പിലിൽ തന്നെ ഇത്രയും കാലം തടവിൽ തുടരുകയായിരുന്നു.