നടന് ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഓസ്ലറിന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 11നാണ് ചിത്രം തിയേറ്ററിലെത്തുക. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് മാനുവല്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയാണിത്.
അബ്രഹാം ഓസ്ലര് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്. ജയറാമിനൊപ്പം അര്ജുന് അശോകന്, ദിലീഷ് പോത്തന്, ജഗതീഷ്, അനൂപ് മേനോന്, അനശ്വര രാജന്, സെന്തല്‍ കൃഷ്ണ, ആര്യ സലീം, അര്ജുന് നന്ദകുമാര്‍, അസീം ജമാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
നേരമ്പോക്കിന്റെ ബാനറില്‍ മിഥുന് മാനുവലും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം മിഥുന് മുകുന്ദനാണ്.
സൈജു ശ്രീധരന് എഡിറ്റിംഗും ഗോകുല്‍ ദാസ് കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍ ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിംഗ്.പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷന്‍ കണ്ടോളര് – പ്രശാന്ത് നാരായണന്