മെഹ്സൂസ് നറുക്കെടുപ്പിൽ കോടികൾ സ്വന്തമാക്കി ഫിലിപ്പിയൻ യുവതി അർലിൻ(40). അബുദാബിയിലെ സെയിൽസ് പ്രൊമോട്ടറാണ് അർലിൻ. 22 കോടിയിലേറെ രൂപയാണ് (10 ദശലക്ഷം ദിർഹം) സമ്മാനത്തുക. ഈ വർഷം ജേതാവാകുന്ന ആദ്യ വനിതയെന്ന നേട്ടവും അർലിന്‍ സ്വന്തമായി. 12 വർഷമായി ഇവർ അബുദാബിയിലാണ്.
117-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിലാണ് അർലിൻ വിജയിച്ചത്. തന്റെയും ഭർത്താവിന്റെയും കുടുംബങ്ങളെയും സാമ്പത്തികമായി സഹായിക്കുന്നതിന് വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കേണ്ടി വന്നിരുന്നു. ഇപ്പോഴും മറ്റുള്ളവരിൽ നിന്ന് വായ്പ വാങ്ങിയാണ് ജീവിക്കുന്നതെന്നും അർലിൻ പറയുന്നു. നറുക്കെടുപ്പിൽ വിജയിയായി എന്നറിയിച്ച് മെഹ്സൂസ് അധികൃതർ അയച്ച ഇ–മെയിലിനെക്കുറിച്ച് ഭർത്താവ് എന്നോട് പറഞ്ഞതിന് ശേഷം രണ്ടു ദിവസമായി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ഇവർ പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് രണ്ടു കുടുംബങ്ങൾക്കും വീടുകൾ പണിയും. കുറച്ച് തുക നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. മറ്റു കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
രണ്ടു വർഷത്തിനിടെ 3,76,000,000 ദിർഹം സമ്മാനത്തുകയായി മെഹ്സൂസ് നൽകിയതായി മെഹ്സൂസ് സിഇഒ ഫരീദ് സംജി പറഞ്ഞു. ഇതിൽ അഞ്ച് പേർ ഫിലിപ്പിയൻ സ്വദേശികളാണ്. ജനുവരി അവസാനത്തിൽ ഫിലിപ്പിനോ പ്രവാസിയും സ്റ്റോർ മാനേജരുമായ റസൽ റെയ്സ് തുഅസോൺ (15 ദശലക്ഷം ദിർഹം നേടിയിരുന്നു. 2021-ൽ മെഹ്സൂസ് നറുക്കെടുപ്പ് ആരംഭിച്ചതു മുതൽ അർലിൻ ഉൾപ്പെടെ അഞ്ച് ഫിലിപ്പിയൻ സ്വദേശികൾ മൾട്ടി മില്യണയർമാരായി.