എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. പ്രിയേഷ്. കാഴ്ച പരിമിതിയുടെ പേരില്‍ ഒരാള്‍ ചൂഷണം ചെയ്യുന്നു എന്ന് പറയുന്നത് വേദനിപ്പിക്കുന്ന നടപടിയാണെന്ന് ഡോ. പ്രിയേഷ് പറയുന്നു. അതുകൊണ്ടാണ് താന്‍ പരാതിയിലേക്ക് പോകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കാഴ്ച പരിമിതി ഉള്ളവര്‍ക്ക് മാത്രം മനസിലാകുന്ന കാര്യമാണ്. കാഴ്ചയുള്ളവര്‍ക്ക് മനസിലാകില്ല. പലതരം ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് മുന്നോട്ട് വരുന്നതെന്നും ഡോ. പ്രിയേഷ് പറഞ്ഞു. പ്രായപൂര്‍ത്തിയായ കുട്ടികള്‍ എന്ന നിലയില്‍ കാഴ്ച പരിമിതിയുള്ള ഒരാളുടെ സാഹചര്യം മനസിലാക്കേണ്ടതാണ്. അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍വീസില്‍ ആദ്യത്തെ അനുഭവമാണിതെന്നും പ്രിയേഷ് കൂട്ടിച്ചേര്‍ത്തു.
ടീച്ചേഴ്സ് വീഡിയോ നോക്കി പേര് എഴുതിക്കൊടുക്കുമ്പോള്‍ ആണ് കെഎസ് യു നേതാവ് ഫാസില്‍ അടക്കമുള്ള കുട്ടികള്‍ ഉണ്ടെന്ന് തന്നെ അറിയുന്നത്. ഇത്തരത്തില്‍ കുട്ടികള്‍ പെരുമാറിയത് തന്റെ വൈകല്യത്തെ ചൂഷണം ചെയ്യുന്നതാണെന്നും അധ്യാപകന് പറഞ്ഞു.
സംഭവത്തില്‍ ക്ലാസിലെ ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്.
ക്ലാസ് നടക്കുമ്പോള്‍ ഫോണ്‍ നോക്കുന്നതും കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുന്നതും ഇത് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതിലുമാണ് നടപടി.
ഡോ. പ്രിയേഷിന്റെ വാക്കുകള്‍
കാഴ്ച പരിമിതി ഉള്ളവര്‍ക്ക് മാത്രം മനസിലാകുന്ന കാര്യമാണ്. കാഴ്ചയുള്ളവര്‍ക്ക് മനസിലാകില്ല. പലതരം ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് മുന്നോട്ട് വരുന്നത്. പഠിക്കുന്ന സമയത്ത് യൂണിവേഴ്സിറ്റിയില്‍ റാങ്കുള്ള ആളായിരുന്നു ഞാന്‍. സര്‍വീസില്‍ കയറിയതിന് ശേഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി അധ്യാപകനായിട്ടും തെരഞ്ഞെടുത്തിരുന്നു.
നമുക്കുള്ള കാഴ്ച പരിമിതിയുടെ പേരില്‍ നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് പറയുന്നത് വേദനിപ്പിക്കും. അതാണ് പരാതിയിലേക്ക് പോകാനുള്ള കാരണം.
വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ചെയ്തതാവില്ല. പ്രായപൂര്‍ത്തിയായ കുട്ടികള്‍ എന്ന നിലയില്‍ കാഴ്ച പരിമിതിയുള്ള ഒരാളുടെ സാഹചര്യം മനസിലാക്കേണ്ടതാണ്. അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍വീസില്‍ ആദ്യത്തെ അനുഭവമാണ്.
ടീച്ചേഴ്സ് വീഡിയോ നോക്കി പേര് എഴുതിക്കൊടുക്കുമ്പോള്‍ ആണ് ഫാസില്‍ അടക്കമുള്ള കുട്ടികള്‍ ഉണ്ടെന്ന് തന്നെ അറിയുന്നത്. ഇത്തരത്തില്‍ കുട്ടികള്‍ പെരുമാറിയത് എന്റെ വൈകല്യത്തെ ചൂഷണം ചെയ്യുന്നതാണ്.
കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റായതിനാല്‍ നടപടി ഉണ്ടാവുമല്ലോ. കോളേജിന്റെ ഉള്ളില്‍ തന്നെ ഇത് തീര്‍ക്കണം. അവരെ തിരിച്ച് കൊണ്ട് വരണം. വേറെ ഒരാള്‍ക്ക് ഇതുപോലെ ഒരു സാഹചര്യം ഉണ്ടാവരുത്.
അധ്യാപകന് ആവുമ്പോള്‍ വിട്ടുവീഴ്ചകള്‍ ചെയ്യണം. കുട്ടികളെ നവീകരിക്കലാവണം ശിക്ഷയുടെ ലക്ഷ്യം. പക പോക്കല്‍ അല്ലല്ലോ. ഇനി ഇത് ആവര്‍ത്തിക്കരുത്.