എസ്.എന്‍.സി ലാവലിന്‍ കരാർ ലംഘന കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. കേസിൽ വാദം കേൾക്കുന്ന തിയ്യതി ഇനി മാറ്റാരുതെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഹര്‍ജി നിരന്തരം നീട്ടിക്കൊണ്ട് പോകുന്നെന്ന് ടി.പി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ ഹർജി നൽകിയിരുന്നു. 2018 ജനുവരി 1 നാണ് ഇത് സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നത്. നാലു വർഷത്തിനിടയിൽ 30 തവണയാണ് ഹർജി മാറ്റിവച്ചിട്ടുള്ളത്.
കെ.എസ് .ഇ.ബി മുന്‍ അക്കൗണ്ട്സ് മെമ്പർ കെ.ജി. രാജശേഖരന് നായര്‍, മുന്‍ ബോര്‍ഡ് ചെയര്മാന് ആര്. ശിവദാസന്‍, ജനറേഷന് വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യർ തുടങ്ങിയവരെ പ്രതിപട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന ഹർജിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. അന്ന് കേസ് പരിഗണിച്ചിരുന്ന ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് വിചാരണ നടപടികൾ നിർത്തിവയ്ക്കാനുള്ള സ്റ്റേ നൽകിയിരുന്നു. കേസ് പരിഗണിക്കുന്ന സെപ്റ്റബര്‍ 13-ന് ജസ്റ്റിസ് യു യു ലളിത് ആയിരിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് . ഭരണഘടന നെഞ്ചിന് നേതൃത്വം നൽകിക്കൊണ്ട് വിശദമായ വാദം കേൾക്കുക എന്നത് സാധ്യമാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.