പ്രവാസ ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വ്യവസായി എം എ യൂസഫ് അലിക്ക് ആദരമായി നിര്‍ധനരായ 50 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മരുമകനും പ്രവാസി സംരംഭകനുമായ ഡോക്ടര്‍ ഷംഷീര്‍ വയലില്‍. പുതുവത്സര ദിനത്തിലായിരുന്നു ഡോ. ഷംഷീറിന്റെ പ്രഖ്യാപനം
ഡോ. ഷംഷീര്‍ വയലില്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. എം എ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ ഷബീന യൂസഫലിയുടെ ഭര്‍ത്താവാണ് ഷംഷീര്‍.
ഹെല്‍ത്ത് കെയര്‍ നേതൃത്വം നല്കുന്ന ഇന്ത്യയിലെയും യുഎഇയിലെയും ഒമാനിലെയും ആശുപത്രികൡലൂടെയായിരിക്കും ശത്രക്രിയ നടത്തുക. നിര്‍ധനരായ 50 കുടുംബങ്ങളിലെ, ജന്മനാല് ഹൃദയ രോഗങ്ങള്‍ അലട്ടുന്ന കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
‘മാനുഷികമായ ഇടപെടലുകള്‍ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. യൂസഫലിയെ ആദരിക്കുമ്പോള്‍ കുട്ടികളെ പിന്തുണച്ചുകൊണ്ട് ആ ആദരം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. 50 ശസ്ത്രക്രിയകള്‍ നടത്തുന്നതിലൂടെ പരിമിതികളില്ലാതെ സ്വപ്നം കാണാനും വെല്ലുവിളികളെ അതിജീവിക്കാനും അതിലൂടെ വളരാനും അവസരം ലഭിക്കട്ടെയെന്നും ഷംഷീര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം എ യൂസഫലി 1973 ഡിസംബര്‍ 31നായിരുന്നു ആദ്യമായി ദുബായില്‍ എത്തുന്നത്. 19-ാമത്തെ വയസില്‍ ദുബായില്‍ എത്തിയ അദ്ദേഹം ഓരോ പടവുകളും പതുക്കെ ചവിട്ടി കയറുകയായിരുന്നു. ഇന്ന് 49 രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പ് സാന്നിധ്യമറിയിക്കുന്നു.