2003ൽ ഭർത്താവ് മനോജിനൊപ്പം ഖത്തറിൽ എത്തിയതാണ് ബബിത. ഇവിടെ നഴ്സായി ജോലി ചെയ്യുമ്പോൾ യാദൃശ്ചികമായാണ് സഹോദരിയുടെ ഭർതൃപിതാവിനെ മരണശേഷം കുളിപ്പിച്ച് ഒരുക്കി നാട്ടിലേക്ക് അയക്കേണ്ടി വന്നത്. പിന്നീടിങ്ങോട്ട് ബബിത യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഒരുക്കിയ നിരവധി മൃതദേഹങ്ങൾ. മടിയോ പേടിയോ കൂടാതെ ഇത് ചെയുമ്പോൾ ഒരു കാര്യമേ ബബിത ഓർക്കാറുളളു.നാട്ടിലുളള ഇവരുടെ ഉറ്റവരെക്കുറിച്ച്, മരണ ശേഷം ഒരുക്കാതെ മൃതദേഹങ്ങൾ നാട്ടിലെത്തിയാൽ അത് കാണേണ്ടി വരുന്ന നെഞ്ച് പൊട്ടുന്ന മരിച്ചവരുടെ പ്രിയപ്പെട്ടവരെക്കുറിച്ച്. ജോലി സമയത്തിന് ശേഷം വിശ്രമിക്കാനല്ല ബബിത പോകുന്നത്, ഒരു കോൾ മോർച്ചറിയിൽ നിന്നും വന്നാൽ അങ്ങോട്ട് ഓടും, പൂർണ്ണ പിന്തുണയോടെ ഭർത്താവ് മനോജും നാല് മക്കളും ബബിതയുടെ കൂടെ തന്നെയുണ്ട്.
മൃതദേങ്ങൾ ദിവസങ്ങളും മാസങ്ങളും പഴകിയതുണ്ട്, ആക്സിഡന്റിൽ മരിക്കുന്നവരുടെ മൃതദേഹഹങ്ങൾ പലതും നോക്കാൻ തന്നെ ഏറെ പ്രയാസമുളളതാകും, പക്ഷേ ഇവരെയെല്ലാം മരണ ശേഷം അണിയിച്ചൊരുക്കി നാട്ടിലേക്ക് യാത്രയാക്കുമ്പോൾ ബബിതയുടെ മനസ്സ് വിങ്ങുമെങ്കിലും കൈ വിറയ്ക്കാറില്ല…കാരണം നമ്മളെ പോലെ ജീവിച്ച്, മരണം പെട്ടെന്ന് കവർന്നെടുത്തവരാണ് അവരും, നാടും വീടും വിട്ട് കുടുംബത്തിന് വേണ്ടി അധ്വാനിക്കാൻ വന്ന പ്രവാസികളാണ് അവർ. കോവിഡ് സമയത്ത് അടുത്ത ബന്ധുകളെ പോലും കാണിക്കാതെ മൃതദേഹങ്ങൾ നാട്ടിലും വിദേശത്തും സംസ്കരിക്കുന്ന സമയത്തും,ബബിത മോർച്ചറി കയറി ഇറങ്ങി അനാഥരായ മൃതദേഹങ്ങൾ കുളിപ്പിച്ചൊരുക്കി, അവരുടെ അന്ത്യ ശുശ്രൂഷയിലടക്കം പങ്കെടുത്തു.
പക്ഷേ ദിവസങ്ങൾക്ക് മുൻപ് സ്വന്തം അപ്പനെ ഇത് പോലെ അന്ത്യയാത്രയ്ക്കായി കുളിപ്പിച്ച് ഒരുക്കി അയക്കേണ്ടി വന്നപ്പോൾ മനസ് കടൽ പോലെ ഇരമ്പി കൈ വിറച്ചു. എങ്കിലും ബബിത സമാധാനിച്ചു, ഇതിനുളള ഭാഗ്യവും ദൈവം എനിക്ക് തന്നുവല്ലോയെന്ന്…