ജർമനിയുടെ മുൻ നിര വിമാന കമ്പനിയായ ലുഫ്താൻസ എയർലൈൻസ് ഗ്രൂപ്പ് പൈലറ്റുമാരുടെ ശമ്പളം വർധിപ്പിച്ചു. ഈ വർഷം 5.5 ശതമാനം മാത്രമായിരുന്നു ശമ്പളം ഉയർത്തിയിരുന്നത്. ഇതിനെതിരെ പൈലറ്റുമാർ നടത്തിയ സമരത്തെ തുടർന്നാണ് ശമ്പളം ഉയർത്തിയത്.
ലുഫ്താൻസയിലെയും ലുഫ്താൻസ കാർഗോയിലെയും പൈലറ്റുമാരുടെ ശമ്പളമാണ് ഉയർത്തിയത്. 2022 ഓഗസ്റ്റ് ഒന്ന് മുതലും 2023 ഏപ്രിൽ ഒന്ന് മുതലും മുൻകാല പ്രാബല്യത്തോടെ കോക്ക്പിറ്റ് ജീവനക്കാർക്ക് അടിസ്ഥാന പ്രതിമാസ വേതനം 490 യൂറോ വീതം രണ്ട് ഘട്ടങ്ങളിലായി വർദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച കരാർ ഇപ്പോഴും ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളുടെ അംഗീകാരത്തിന് വിധേയമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലുഫ്താൻസ ഗ്രൂപ്പും വെറൈനിഗംഗ് കോക്ക്പിറ്റും തുടർ ചർച്ചകൾ രഹസ്യമാക്കി വയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.