ദുബായ് മെട്രോയുടെ ഓണ്‍പാസ്സീവ് സ്റ്റേഷന്റെ സര്‍വീസ് ഒരു മണിക്കൂറിന് ശേഷം പുനസ്ഥാപിച്ചു. യാത്രക്കാരന്റെ ഇലക്ട്രിക് സ്കൂട്ടറില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്നാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചത്. സ്റ്റേഷനില്‍ മെട്രോ കാത്തു നിന്നവര്‍ക്ക് ഈ സമയം ബസ് സര്‍വീസ് സൗകര്യം ഏര്‍പ്പെടുത്തിയതായി റോഡ് ട്രാന്സ്പോര്ട്ട്അതോരിറ്റി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു മണിക്കൂറിന് ശേഷമാണ് മെട്രോ സര്‍വീസ് പുനസ്ഥാപിച്ചതായി അറിയിച്ചത്.
‘ദുബായ് മെട്രാ റെഡ് ലൈന്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, യാത്രക്കാരിലൊരാളുടെ ഇലക്ട്രിക് സ്കൂട്ടറില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്ന് ‘ഓണ്‍പാസ്സീവ്’ സ്റ്റേഷനില്‍ സര്‍വീസ് വൈകുമെന്ന് അറിയിക്കുന്നു,’ എന്ന് ആര്‍ടിഎ ട്വീറ്റ് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഓണ്‍പാസ്സീവ് സ്റ്റോപ്പില്‍ ഇറങ്ങേണ്ട പലര്‍ക്കും പ്രസ്തുത സ്റ്റേഷനില്‍ ഇറങ്ങാന്‍ സാധിച്ചില്ലെന്ന് പലയാത്രക്കാരും അറിയിച്ചു. ഓണ്‍പാസ്സീവ് സ്റ്റോപ്പില്‍ നിര്‍ത്താതെ ‘ഇക്വിറ്റി’യിലാണ് മെട്രോ നിര്‍ത്തിയത്. പലരും അവിടെയാണ് ഇറങ്ങിയതെന്ന് യാത്രക്കാര്‍ അറിയിച്ചു.