ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി. പെനാൽറ്റി ഗോളുകൾ ഇല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി. കരിയറിൽ 672 ഗോളുകളാണ് മെസ്സി പെനാൽറ്റിയല്ലാതെ അടിച്ചുകൂട്ടിയത്. 671 ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡ് ആണ് മെസ്സി തിരുത്തിയത്.
ക്രിസ്റ്റിയാനോ റൊണാൾഡോയെക്കാൾ 150 മത്സരങ്ങൾ കുറവാണ് മെസ്സി കളിച്ചിട്ടുള്ളത്. എന്നിട്ടും അനായാസം റെക്കോർഡ് തകർക്കുക ആയിരുന്നു മെസ്സി. ഇന്ന് ലിയോണിനു എതിരായ മത്സരത്തിൽ നെയ്മറിനെ കൂട്ടുപിടിച്ച് ഉഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയതോടെയായിരുന്നു റെക്കോർഡ് നേട്ടത്തിലെത്തിയത്. അവസാന നിമിഷങ്ങളിൽ മെസ്സിയുടെ മികച്ച ഒരു ഫ്രീകിക്ക് ബാറിൽ തട്ടി മടങ്ങിയെങ്കിലും പി.എസ്.ജി ലിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു.