ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ട ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയുടെ പുതിയ തട്ടകം ഇന്റര്‍ മയാമി. രണ്ട് വര്‍ഷത്തേക്ക് അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയില്‍ കരാര്‍ ഒപ്പുവെച്ചതായി താരം അറിയിച്ചു.
സ്പാനിഷ് മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് മെസ്സി അമേരിക്കന്‍ ക്ലബിലേക്ക് പോകുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. ബാഴ്സയിലേക്ക് തിരികെ പോകാനായിരുന്നു ആഗ്രഹമെന്നും മെസ്സി പറഞ്ഞു.
‘പണമായിരുന്നു പ്രശ്നമെങ്കില്‍ സൗദി അറേബ്യയിലേക്കോ മറ്റേതെങ്കിലും ക്ലബിലേക്കോ പോകുമായിരുന്നു. കാരണം കുറെ പണം ലഭിക്കുമായിരുന്നു. പണത്തിന് വേണ്ടി മാത്രം എവിടെയും പോകരുതെന്നായിരുന്നു എന്റെ അവസാനത്തെ തീരുമാനം. ബാഴ്സയിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് സംഭവിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു,കാരണം 2021 ഓഗസ്റ്റില്‍ നടന്നത് എനിക്ക് ഓര്‍മയുണ്ടായിരുന്നു.
ബാഴ്സയില്‍ ചേരണമെന്ന ആഗ്രമുണ്ടായിരുന്നതിനാല് മറ്റു യൂറോപ്യന്‍ ക്ലബുകളില്‍ നിന്നും വന്ന ഓഫറുകള്‍ പോലും ഞാന്‍ നിരസിച്ചു. ബാഴ്സ കരാര്‍ തകര്‍ന്ന ഈ ഘട്ടത്തില്‍ മയാമിയില്‍ പുതിയതെിന്തെങ്കിലും പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ തിരികെ ബാഴ്സലോണയിലേക്ക് വരും. അത് തീരുമാനിച്ചതാണ്. ക്ലബിനെ ഒരിക്കല്‍ സഹായിക്കാന്‍ പറ്റും. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ക്ലബ് കൂടിയാണത്.എല്ലാ ബാഴ്സ ഫാന്‍സിനും ഞാന്‍ നന്ദി അറിയിക്കുന്നു. ഇവിടെ തിരിച്ചെത്താന്‍ തീര്‍ച്ചയായും താത്പര്യപ്പെടുന്നു,’ മെസ്സി അഭിമുഖത്തില്‍ പറഞ്ഞു.
‘പണം ഒരിക്കലും പ്രശ്നമായിരുന്നില്ല. ബാഴ്സലോണയുമായുള്ള കരാറിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച പോലും ചെയ്തിരുന്നില്ല. അവര്‍ ഒരു പ്രൊപ്പോസല്‍ അയച്ചു. അത് രേഖാമൂലം എഴുതി ഒപ്പിട്ടതുപോലും ആയിരുന്നില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ കടുംപിടുത്തം നടത്തിയിട്ടില്ല. പണമായിരുന്നില്ല കാര്യം. മറ്റൊരിടത്തേക്ക് പോകാനുള്ള എന്റെ തീരുമാനം പണം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ല എന്നതാണ് സത്യം,’ മെസ്സി പറഞ്ഞു.
ബുധനാഴ്ചയാണ് മെസ്സി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് പോകുന്നതായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രതിവര്‍ഷം 54 ദശലക്ഷം ഡോളര്‍ ആണ് മയാമിയുടെ വാഗ്ദാനം ചെയ്തിരിക്കുന്നത്.