തിരുപ്പതിയില്‍ ആറ് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അച്ഛനും അമ്മയ്ക്കുമൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് കുട്ടിയെ പുലി ആക്രമിച്ചത്. ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ വെച്ചായിരുന്നു പുലി ആക്രമിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അടുത്തേക്ക് പുലി പാഞ്ഞടുക്കുകയായിരുന്നു. കുട്ടിയെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടു പോയി.
സുരക്ഷാ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയില്‍ ആയിരുന്നു മൃതദേഹം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതിയിലെ എസ് വി ആര് റൂയ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.