ഇടുക്കി മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. പ്രദേശത്തെ ഒരാളെ ഇന്ന് പുലർച്ചെ പുലി ആക്രമിച്ചിരുന്നു. ഇയാളെ രക്ഷിക്കുന്നതിനിടയിലാണ് പുലിയെ തല്ലിക്കൊന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാങ്കുളം മേഖലയില്‍ പുലിയുടെ ശല്യമുണ്ട്. ഇന്നലെ രാത്രിയിലും വളർത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു.
പുലിയുടെ ആക്രമണത്തിൽ ഗോപാലന്റെ രണ്ട് കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പുലിയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി.
വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നത് പുലിയാണെന്ന് ക്യാമറകളില്‍ നിന്നും വ്യക്തമായിട്ടും ഇതിനെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പുലിയെ പിടിക്കാനായി വനം വകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.