മലപ്പുറം: കരിപ്പൂർ റൺവേ വികസനത്തിനായി ഭൂമിയേറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ. ഓഗസ്റ്റ് ഒന്ന് മുതൽ കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പ് കേന്ദ്രവ്യോമയാനമന്ത്രി നൽകിയതിന് പിന്നാലെ സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കിയത്.
റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്. ഭൂമിയുടെ വില നിർണയം പൂർത്തിയാക്കി ഭൂവുടമകളുമായി ധാരണയിലെത്തി കഴിഞ്ഞു. പാരിസ്ഥിതികാഘാത പഠനം കൂടി പൂർത്തിയാവണം. ഈ റിപ്പോർട്ട് ലഭിച്ചാൽ ഭൂമിയേറ്റെടുപ്പ് ഉടനെ ആരംഭിക്കാനാവും. ജൂലൈയിൽ തന്നെ നഷ്ടപരിഹാരവിതരണം പൂർത്തിയാക്കി ഭൂമിയേറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഭൂമി മണ്ണിട്ട് ഉയർത്താനുള്ള ചെലവ് വഹിക്കാമെന്ന് നേരത്തെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉറപ്പ് തന്നിരുന്നു. ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച വിശദമായ മറുപടി മുഖ്യമന്ത്രി തന്നെ കേന്ദ്ര വ്യോമയാന മന്ത്രിക്ക് നൽകുമെന്നും അബ്ദുറഹിമാൻ വ്യക്തമാക്കി. ഭൂമിയേറ്റെടുക്കൽ പെട്ടെന്ന് പൂർത്തിയാക്കിയാൽ റണ്‍വേയുടെ നീളം കുറയ്ക്കുന്നത് അടക്കമുള്ള നടപടികളിൽ നിന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ.