ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂർത്തിയാവാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 6 പേര് പിടിയില്‍. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായ സ്ത്രീ ഉൾപ്പെടെയാണ് കസ്റ്റഡിയിലുള്ളത്. സഹോദരിമാർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമെന്നും യുപി പൊലീസ് പറഞ്ഞു.
പോക്സോ വകുപ്പ് അടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികളെയാണ് കരിമ്പന്‍ തോട്ടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
തൊട്ടടുത്ത ഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ആരോപണം. സംഭവത്തിൽ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബൈക്കിലെത്തിയ ചെറുപ്പക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചെങ്കിലും പൊലീസ് ആദ്യം നിഷേധിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പൊലീസും സ്ഥിരീകരിച്ചു.