കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിയ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച യുവ ഡോക്ടര്‍ മരിച്ചു. താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് വന്ദന ദാസ് ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കോട്ടയം സ്വദേശിയാണ് ഡോ. വന്ദന.
ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്.
പൂയപ്പള്ളിയിലെ അടിപിടി കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ആശുപത്രിയില്‍ എത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടറുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പ്രതി ഡോക്ടറെ ആക്രമിച്ചത്.
മാരകമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവന് രക്ഷിക്കാനായില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരായ അലക്സ്, ബേബി, മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡോക്ടര്‍മാര്‍ പൂര്‍ണമായി പണിമുടക്കും. സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷും ആഹ്വാനം ചെയ്തിട്ടുണ്ട്.