ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ എം എല്‍ എ വികെ പ്രശാന്ത്. തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും, ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനെ ലാഭകരമാക്കാനും , കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആര്.ടി.സി ചെയ്യേണ്ടതെന്നും വികെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
110 ഇ ബസുകളാണ് തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ ഓടുന്നത്. ഇതില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം ഇ സേവയില്‍ 950 ഇ ബസുകള്‍ കൂടി കിട്ടാനുണ്ട്. എന്നാല്‍ ലാഭകരമല്ലെന്ന നിലപാട് സ്വീകരിച്ചാല്‍ ഈ പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയാകും.
മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു ലാഭകരമല്ലെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതിയാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നഷ്ടത്തിലാണെന്ന് പ്രഖ്യാപിച്ചത്. വൈദ്യുതി, വാടക ഉള്‍പ്പെടെ 26 രൂപയാണ് ഇ ബസിന്റെ കിലോമീറ്റര്‍ ചെലവെന്നാണ് മൂന്ന് മാസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വരവ് 46 രൂപയാണെന്നും പറയുന്നു. എന്നാല്‍ ഒരു ഇ ബസിന്റെ വിലയ്ക്ക് നാല് ചെറിയ ഡീസല്‍ ബസുകള്‍ വാങ്ങിക്കാമെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.