കുവൈറ്റിൽ ദേശീയ ദിന ആഘോഷങ്ങൾക്ക് തുടക്കമായതോടെ താമസക്കാർക്കും വാഹന യാത്രക്കാർക്കും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും സുരക്ഷാവീഴ്ച ഉണ്ടാകാതെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ആഘോഷങ്ങളുടെ ഭാഗമായി മാനദണ്ഡങ്ങൾ അനുസരിച്ച് വാഹനങ്ങൾ അലങ്കരിക്കാവുന്നതാണ്. എന്നാൽ വാഹന ഭാഗങ്ങൾ മുഴുവൻ മറയ്ക്കരുത്. വാഹനത്തിൻ്റെ ചില്ലുകൾ, ലൈസൻസ് പ്ലേറ്റ് മുതലായവ പതാകയോ മറ്റേതെങ്കിലും അലങ്കാരങ്ങളോ കൊണ്ടു മറയ്ക്കരുത്. ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുമ്പോൾ കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടരുമെന്നും അധികൃതർ സൂചിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇക്കാര്യം വ്യക്തമാക്കി.
അതേസമയം ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈത്ത് ടവേഴ്സ്, ഗ്രീൻ ഐലൻഡ് പ്രദേശങ്ങളിൽ ഡ്രോണുകൾ നിരോധിച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി മാർച്ച് ഒന്നുവരെയാണ് നിയന്ത്രണമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സുരക്ഷ കണക്കിലെടുത്ത് ഈ തീരുമാനത്തോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് ഡ്രോൺ ഉപയോഗിക്കുന്നവർക്ക് എൻ.ഒ.സി നിർബന്ധമാക്കിയിരുന്നു.
ഫെബ്രുവരി 25നാണ് കുവെത്ത് ദേശീയദിനം ആചരിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുക. വിവിധ കേന്ദ്രങ്ങളിലായി സാംസ്കാരിക – കലാ പരിപാടികളും കരിമരുന്ന് പ്രയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.