കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കേസിൽ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് ആനന്ദ് കുമാറിനെ കസ്റ്റഡയിൽ എടുത്തത്. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറാണെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്.
അതേസമയം കസ്റ്റഡിയിലെടുത്ത ആനന്ദ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഈ സമയത്ത് ആനന്ദ് കുമാറിൻ്റെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
ആനന്ദകുമാർ ദേശീയ ചെയർമാൻ ആയ ദേശീയ എൻജിഒ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയ ക്രൈം ബ്രാഞ്ച്, എൻജിഒ കോൺഫെഡറേഷനിൽ നിന്നും ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.