കുവൈത്തില്‍ 372 ഇനം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. രാജ്യം മരുന്നു ക്ഷാമം നേരിടുന്നതിനാൽ പൗരന്മാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. എന്നാല്‍ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ മരുന്നുകളുടെ ബദലുകള്‍ വിപണിയില്‍ ലഭിക്കുന്നതിനാല്‍ ഈ തീരുമാനം രാജ്യത്തെ താമസക്കാരുടെ ആരോഗ്യ നിലയെ ബാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതോടൊപ്പം തന്നെ 117 ഡിസ്പെൻസറികളും 4 ആശുപത്രികളും തമ്മിൽ യാന്ത്രികമായി ബന്ധിപ്പിക്കാനും തീരുമാനമായി. മരുന്നുകളുടെ ദുർവ്യയം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. രാജ്യത്ത് ചില മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്നത് വസ്തുതയാണെന്നും കൊറോണ മഹാമാരി കാലത്ത് മുതൽ ഇത് തുടരുകയാണെന്നും ആരോഗ്യ മന്ത്രി അഹമ്മദ് അൽ ആവാദി പറഞ്ഞു. എത്രയും വേഗം പ്രശനം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും ചില മരുന്നുകളുടെ ക്ഷാമം രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.