കുവൈറ്റിലെ സർക്കാർ പ്രസവാശുപത്രികളിൽ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികളുടെ പ്രസവ ഫീസ് വർധിപ്പിക്കാനൊരുങ്ങുന്നു. 50 മുതൽ 75 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പഠനം പൂർത്തിയായതിന് ശേഷം അനുമതി ലഭിച്ചാൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നേക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതു വർഷത്തിന്റെ തുടക്കത്തിലായിരിക്കും ഇക്കാര്യത്തിൽ വ്യക്തതവരുക.
നിലവിലെ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തികളല്ലാത്ത രോഗികളിൽ നിന്ന് സിസേറിയന് 100 ദിനാറും ശസ്ത്രക്രിയയ്ക്ക് 150 ദിനാറുമാണ്. സ്വാഭാവിക ഡെലിവറി, സിസേറിയൻ ചാർജ്, അൾട്രാസൗണ്ട് പരിശോധന, ലബോറട്ടറി പരിശോധന, മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ആശുപത്രിയിൽ തങ്ങാൻ കഴിയില്ല.
അതേസമയം സ്വകാര്യ മുറികൾക്ക് പ്രതിദിനം 100 ദിനാർവരെ നൽകണം. അൾട്രാസൗണ്ട് പരിശോധനകൾ, ലബോറട്ടറി പരിശോധനകൾ, മരുന്നുകൾ എന്നിവയുടെ ഫീസിൽ നിന്ന് ഡെലിവറി ചാർജുകൾ വേർതിരിക്കുകയും ചെയ്യും. എന്നാൽ സ്വകാര്യ മുറിയുടെ വില ഇരട്ടിയാക്കാനും പഠനം ആവശ്യപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിലെ ആശുപത്രികളിൽ പ്രതിവർഷം പ്രവാസികളുടെ 20,000 ലേറെ പ്രസവം നടക്കുന്നുണ്ടെന്നാണ് കണക്ക്. കുവൈത്തി സ്ത്രീകളുടേത് 8,000 മാത്രമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.