കുവൈറ്റിൽ കുടുംബ സന്ദർശക വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കുന്നു. ഇതുസംബന്ധിച്ച് വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതായാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ആദ്യ ഘട്ടത്തിൽ ഭാര്യ, കുട്ടികൾ എന്നിവർക്കും തുടര്‍ന്ന് മാതാപിതാക്കൾക്കും രക്തബന്ധുക്കള്‍ക്കും വിസ അനുവദിച്ചു നൽകും. അതേസമയം കുടുംബവിസ ലഭിക്കാനുള്ള ശമ്പളപരിധി 500 ദിനാറായി ഉയര്‍ത്തിയതായും സൂചനകളുണ്ട്. കുട്ടികളെ കൊണ്ടുവരുന്നതിന് മാതാപിതാക്കള്‍ക്ക് സാധുവായ റെസിഡൻസിയും ഉണ്ടായിരിക്കണം.
പ്രഫഷനലുകള്‍ക്ക് ചുരുങ്ങിയ ശമ്പളപരിധി വ്യവസ്ഥ ബാധകമായിരിക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് വേഗത്തിൽ വിസ അനുമതി നൽകും. തിങ്കളാഴ്ചയോട് കൂടി ഇതു സംബന്ധിച്ച നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. പുതിയ തീരുമാനം നടപ്പാകുന്നതോടെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് ഇത് ആശ്വാസമാകും. വിസ നിയന്ത്രണം മൂലം നിരവധി പേരാണ് കുടുംബത്തെ കൂടെക്കൂട്ടാൻ കഴിയാതെ വിഷമിക്കുന്നത്.
കോവിഡ് ഭീഷണി നീങ്ങിയതിനു പിറകെ വിസ നല്‍കുന്നത് പുനരാരംഭിച്ചിരുന്നു. എന്നാൽ പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂണില്‍ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സന്ദർശന വിസകള്‍ നിബന്ധനകള്‍ക്കു വിധേയമായി അനുവദിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.