പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ.ടി ജലീല്‍. തലയും വാലുമുണ്ടാക്കാന് സമസ്ത ഒരു മീനല്ലെന്നായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പി.എം.എ സലാമിനെിതരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തെ പാണക്കാട് ശിഹാബ് സാദിഖലി തള്ളിയ സാഹചര്യത്തിലാണ് കെ.ടി ജലീലിന്റെ പരാമര്‍ശം.
തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണ്. ജന്മിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാപ്രസ്ഥാനമാണെന്നും ജലീല്‍ പറഞ്ഞു.
സമസ്തയുടെ മസ്തിഷ്കം മുസ്ലീം ലീഗിനൊപ്പമായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ പ്രതികരിച്ചത്. തട്ടം വിവാദത്തെ എതിര്‍ക്കുകയാണ് ലീഗ് ചെയ്തതെന്നും സമസ്തയ്ക്ക് ഏതെങ്കിലും തരത്തില്‍ പരാതി ഉള്ളതായി അറിയില്ലെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.
തട്ടം ഇടാന്‍ പാടില്ല, അത് പരിഷ്കൃത സമൂഹത്തിന് ചേരില്ല എന്ന് ചിലര്‍ പറഞ്ഞതുകൊണ്ടാണ് സലാം വാര്‍ത്താസമ്മേളനം നടത്തിയതെന്നും ആരെയും ഉദ്ദേശിച്ചല്ല സലാമിന്റെ പരാമര്‍ശമെന്ന് സലാം തന്നെ പറഞ്ഞിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണ്. ജന്മിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.
പണ്ഡിതന്മാര് പ്രവാചകന്മാരുടെ പിന്മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്മാരുടെ ”മെക്കട്ട്’ കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി’ കാണുന്ന ചില രാഷ്ട്രീയ ജന്മിമാരുടെ ”ആഢ്യത്വം” കയ്യില്‍ വെച്ചാല്‍ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാന്‍ ലീഗ് നേതൃത്വം പഠിക്കണം.