വയനാട്ടില്‍ ജനപ്രതിഷേധം അണപൊട്ടിയതോടെ ലാത്തി വീശി പൊലീസ്. ഹര്‍ത്താല്‍ ദിനത്തില്‍ പുല്‍പ്പള്ളിയില്‍ കൂട്ടം ചേര്‍ന്നെത്തിയ ജനം വനം വകുപ്പിന്റെ വാഹനം തടയുകയും ജീപ്പിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ജീപ്പിന്റെ റൂഫ് വലിച്ച് കീറുകയും ജീപ്പിന് മുകളില്‍ റീത്ത് വെച്ച് പ്രതിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധം. കേണിച്ചിറയില്‍ കടുവ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പശുവിന്റെ ജഡവും വനംവകുപ്പ് ജീപ്പിന്റെ മുകളില്‍ കെട്ടിവെച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. അനുനയ ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.
ലാത്തി വീശിയതോടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട്. വനംവകുപ്പിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് നിലവില്‍ പുല്‍പ്പള്ളി പ്രദേശത്ത് ജനങ്ങള്‍ പൊലീസിന് നേരെ തിരിഞ്ഞത്. പുല്‍പ്പള്ളിയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താത്കാലികമായി അടക്കുകയും ചെയ്തിട്ടുണ്ട്.