കോതമംഗലത്ത് വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ 406 കുലച്ച വാഴകള്‍ വെട്ടി നിരത്തി കെ.എസ്.ഇ.ബി. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന്‍ സമീപം കാവുംപുറത്ത് തോമസ് കൃഷി ചെയ്തിരുന്ന വാഴകളാണ് വെട്ടിയത്.
എന്നാല്‍ കെ എസ് ഇബി നടപടിക്കെതിരെ കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തി. കുലകള്‍ പാകമായി വെട്ടാറാവുമ്പോഴല്ല ഇങ്ങനെ വന്ന് വെട്ടേണ്ടതെന്ന് പി പ്രസാദ് പറഞ്ഞു.
‘ഹൈ ടെന്‍ഷന്‍ കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവന് നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാന്‍ പാടില്ലെങ്കില്‍ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല,’ കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.
വാരപ്പെട്ടിയില്‍ 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന ഏത്തവാഴകളാണ് വെട്ടിനിരത്തിയത്. മുന്നറിയിപ്പുകള്‍ ഒന്നും ഇല്ലാതെയാണ് ജീവനക്കാര്‍ വെട്ടിനിരത്തിയതെന്ന് തോമസ് പറഞ്ഞു. ഓണം പ്രമാണിച്ച് കൃഷി ചെയ്ത ഒന്‍പത് മാസത്തോളം പ്രായമായ വാഴകളായിരുന്നു വെട്ടി നിരത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ വാഴകള്‍ വെട്ടിയത്. ദിവസങ്ങള്‍ക്കകം മൂപ്പെത്തി വെട്ടാനായി കാത്തിരുന്ന കുലകളാണ് നശിച്ചതെന്നും മകന് അനീഷ് പറഞ്ഞു.
രണ്ടര ഏക്കറിലായി 1600 ഏത്തവാഴകളാണ് കൃഷി ചെയ്തത്. ഇതില്‍ അര ഏക്കറോളം സ്ഥലത്തെ വാഴകള്‍ വെട്ടി നശിപ്പിച്ചു. സംഭവ ദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ എത്തി വാഴ വെട്ടിയതെന്ന് പറയുന്നു. അതേസമയം ഈ പ്രദേശത്ത് ടവര്‍ ലൈന്‍ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.