യുഎഇയിലെ 28 പൊതു വിദ്യാലയങ്ങൾ താൽകാലിക നടത്തിപ്പിനായി സ്വകാര്യ മേഖലക്ക് കൈമാറും. മന്ത്രിസഭ യോഗത്തിൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തേക്കാണ് സ്കൂളുകൾ വിട്ടുനൽകുക.
അൽ അജ്യാൽ സ്കൂളുകളുടെ പ്രവർത്തന മാതൃകയ്ക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയതിന് പിന്നാലെയാണിത്. സർക്കാർ സ്കൂളുകളിൽ കൂടുതൽ സ്വദേശികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരം നൽകുന്ന പദ്ധതിയാണ് അൽ അജ്യാൽ. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 28 സ്കൂളുകൾ സ്വകാര്യ മേഖലക്ക് കൈമാറുന്നത്.
എണ്ണം നിജപ്പെടുത്തി വിദേശ വിദ്യാർഥികൾക്കും സ്കൂളിൽ പ്രവേശനം നൽകും. സ്വകാര്യ മേഖലയിലെ വിദഗ്ദരുടെ സേവനം ഇതുവഴി സർക്കാർ സ്കൂൾ കുട്ടികൾക്കും ലഭ്യമാകും. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്ക്കാരത്തിന്റെ ഭാഗമായാണ് സ്കൂളുകൾ കൈമാറുന്നത്. പദ്ധതി പ്രകാരം രണ്ട് സിലബസുകൾ കൂടിച്ചേരുന്നതിനാൽ വിദ്യാർഥികൾക്ക് കൂടുതൽ വൈവിധ്യങ്ങൾ ഉൾക്കൊള്ളാനും അടുത്തറിയാനും കഴിയും. പ്രാദേശിക സിലബസിൽ അറബിക്, ഇസ്ലാമിക് എജ്യുക്കേഷൻ, മോറൽ എജ്യുക്കേഷൻ, സോഷ്യൽ സ്റ്റഡീസ് എന്നിവ നിർബന്ധമാണ്. അന്താരാഷ്ട്ര സിലബസിൽ സയൻസിനും ഗണിതത്തിനുമായിരിക്കും പ്രാമുഖ്യം നൽകുക.