വ്ളോഗര്‍ കുഞ്ഞാന് പാണ്ടിക്കാടിനെതിരെ കെ.എസ്.ഇ.ബി. കുഞ്ഞാന് പാണ്ടിക്കാട് വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോക്കെതിരെയാണ് കെ.എസ്.ഇ.ബി രംഗത്തെത്തിയത്.
കെ.എസ്.ഇ.ബി വൈദ്യുതി നിരക്ക് കൂട്ടിയെന്നും അങ്ങനെ വൈദ്യുതി ബില്‍ ഇരട്ടിയായെന്നുമായിരുന്നു കുഞ്ഞാന് പാണ്ടിക്കാട് എന്ന പേരില്‍ അറിയപ്പെടുന്ന അഫ്സല് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കെടുവെച്ച വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ ഇത് വ്യാജ പ്രചാരണം ആണെന്നും കെ.എസ്.ഇ.ബി പറയുന്നു.
ഇയാളുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ കണക്ക് താരതമ്യം ചെയ്തുകൊണ്ടാണ് കെ.എസ്.ഇ.ബിയുടെ മറുപടി. ഇയാള്‍ പറയുന്ന മറ്റു വീട്ടുകാര്‍ക്കും സമാനമാണെന്നും അവരാരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും കെ.എസ്.ഇ.ബി പറഞ്ഞു.
‘കെ എസ് ഇ ബി പാണ്ടിക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്‍സ്യൂമര്‍ നമ്പര്‍ 1165XXXXXX648 ഉപഭോക്താവാണ് ഇദ്ദേഹം എന്ന് മനസ്സിലാകുന്നു. 2023 ജനുവരിയില്‍ 344 യൂണിറ്റും മാര്‍ച്ചില്‍ 466 യൂണിറ്റുമായിരുന്നു ഇദ്ദേഹത്തിന്റെ വൈദ്യുതി ഉപയോഗം. 2023 മെയ് മാസത്തില്‍ എ സിയുള്‍പ്പെടെ അധികമായി ഉപയോഗിച്ചതുകൊണ്ടാവാം ഉപയോഗം 728 യൂണിറ്റായി കുത്തനെ ഉയര്‍ന്നതും 6316 രൂപ ബില്‍ വന്നതും. ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഉപയോഗം 614 യൂണിറ്റായി കുറഞ്ഞതിനെത്തുടര്‍ന്ന് ബില്‍ 5152 രൂപയായി കുറഞ്ഞിട്ടുമുണ്ട്. ഇത്തരത്തില്‍ ഉപയോഗം കുത്തനെ കൂടിയതുകൊണ്ടുമാത്രമാണ് ജൂലൈ മാസത്തെ വൈദ്യുതി ബില്ലില്‍ വര്‍ദ്ധനയുണ്ടായിട്ടുള്ളത്. ഈ വിവരങ്ങള്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ നേരിട്ടെത്തി അദ്ദേഹം മനസ്സിലാക്കിയതുമാണ്.
വീഡിയോയില്‍ ശ്രീ മുഹമ്മദ് അഫ്സല് ഉയര്‍ത്തിക്കാട്ടുന്ന ശ്രീമതി ഫാത്തിമ സുഹ്റ (116XXXXXX21032), എം. മുഹമ്മദാലി (116XXXXX6023), എം. മുഹമ്മദലി (116XXXXXX4146) എന്നിവരുടെ ബില്ലുകള്‍ സംബന്ധിച്ച വസ്തുതയും സമാനമാണ്. ഇവരാരും നാളിതുവരെ ബില്‍ സംബന്ധിച്ച് യാതൊരു പരാതിയും നല്‍കിയിട്ടുമില്ല,’ കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് 2022 ജൂണിലാണ് കേരളത്തിലെ വൈദ്യുതി നിരക്ക് ഒടുവില്‍ പരിഷ്ക്കരിച്ചു നല്‍കിയത്. അതിനുശേഷം ഫ്യുവല്‍ സര്‍ചാര്‍ജ് പോലെയുള്ള നാമമാത്രമായ വ്യതിയാനമാണ് ബില്ലില്‍ വന്നിട്ടുള്ളത് എന്നും കെ.എസ്.ഇ.ബി പറഞ്ഞു. വ്യാജപ്രചാരണങ്ങളിലൂടെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഇ.ബിയെ പൊതുജനമധ്യത്തില്‍ അപഹസിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ വൈദ്യുതി ബില്‍ മൂന്നിരട്ടിയോളം വര്‍ധിച്ചെന്നായിരുന്നു കുഞ്ഞാന് പാണ്ടിക്കാട് വീഡിയോയിലൂടെ അറിയിച്ചത്. ഫ്രിഡ്ജും എസിയുമൊന്നുമില്ലാത്ത വീടുകളിലും വലിയ തുകയാണ് വൈദ്യുതി നിരക്കായി വന്നതെന്നും കുഞ്ഞാന് പറഞ്ഞു. ഇതിനെതിരെയാണ് കെ.എസ്.ഇ.ബി രംഗത്തെത്തിയത്.