കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരില്‍ മുന്‍ ബിജെപി എംഎല്‍എയെ ഫോണില്‍ വിളിച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. രവീന്ദ്ര മൗര്യ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഷാഹിദ് എന്നയാള്‍ ഒളിവിലാണ്. പണം നല്കിയാല് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇവര്‍ മുന്‍ എംഎല്‍എയെ വിളിച്ചത്. സീറ്റ് നല്‍കാമെന്ന് മോഹിപ്പിച്ച് ജനുവരി നാല് മുതല്‍ 29 വരെ ഒന്‍പത് തവണയാണ് സംഘം കിഷന്‍ലാലിനെ വിളിച്ചത്. രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര മന്ത്രി അമിത് ഷാ ആണെന്ന് ധരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്കി പണം തട്ടുകയാണ് ഇവര്‍ ചെയ്തിരുന്നത്. ട്രൂകോളറില് ദേവനാഗിരി ലിപിയില്‍ ഗൃഹമന്ത്രാലയ, ഡല്‍ഹി, കേന്ദ്ര സര്‍ക്കാര്‍ എന്നാണ് പേര് കാണിച്ചിരുന്നത്.
രവീന്ദ്രമൗര്യയും ഷാഹിദും ചേര്‍ന്നാണ് തട്ടിപ്പുകള്‍ നടത്തുന്നത് . ഇരുവരും നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ബറേലി പൊലീസ് പറയുന്നു. രവീന്ദ്രമൗര്യയെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസിലാക്കിയതോടെ ഇയാള്‍ സിം കാര്‍ഡ് ഒടിച്ചുകളഞ്ഞു.
സിം ഗ്രാമത്തിലുള്ള ഹരീഷ് എന്നയാളുടേതാണെന്ന് പൊലീസ് കണ്ടെത്തി. അയാളെ ചോദ്യം ചെയ്തപ്പോള്‍ 2023 ഡിസംബര്‍ 29നാണ് സിം വാങ്ങിയതെന്ന് മൊഴി നല്കി. രവീന്ദ്ര മൗര്യയും ഷാഹിദും ഗ്രാമത്തിലെത്തുകയും തന്നെ ഭീഷണിപ്പെടുത്തി സിം കൈവശപ്പെടുത്തുകയുമായിരുന്നെന്നാണ് ഹരീഷ് പറഞ്ഞത്.
രവീന്ദ്ര മൗര്യയ്ക്കും ഷാഹിദിനുമെതിരെ ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.