തിരുവനന്തപുരം: ഗായിക കെ.എസ് ചിത്രയുടെ അയോധ്യ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളോടോ അതിനെതിരെ ഗായകൻ സൂരജ് സന്തോഷ് നടത്തിയ പ്രതികരണത്തോടോ പ്രതികരിക്കാനില്ലെന്ന് പിന്നണി ഗായകരുടെ സംഘടനയായ സമം വ്യക്തമാക്കി. ഇവർ രണ്ട് പേരുടേയും നിലപാടുകൾ വ്യക്തിപരമാണ് സംഘടനയ്ക്ക് അതുമായി യാതൊരു ബന്ധവുമില്ല.
സമം ഒരു തൊഴിലാളി സംഘടനയല്ലെന്നും പിന്നണി ഗായകരുടെ ക്ഷേമത്തിനായി നില കൊള്ളുന്ന ഒരു ചാരിറ്റി കൂട്ടായ്മയാണെന്നും ഭാരവാഹികൾ പറഞ്ഞു. ഞങ്ങൾക്ക് രാഷ്ട്രീയ ചായ്വില്ലെന്നും. എല്ലാ രാഷ്ട്രീയവും പിന്തുടരുന്നവർ സംഘടനയുടെ ഭാഗമാണ്. നിലവിലെ വിവാദം രാഷ്ട്രീയ വിഷയമായതിനാൽ സംഘടന ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ല. തൻ്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നും ഇക്കാര്യത്തിൽ സംഘടന ഇടപെടേണ്ടതില്ലെന്നും കെ.എസ് ചിത്ര പറഞ്ഞു.
സൂരജിന്റെ രാജി വൈകാരിക തീരുമാനമാണെന്നാണ് കരുതുന്നത്. അദ്ദേഹം ഉന്നയിച്ച വിഷയത്തിൻ്റെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പിന്തുണ വേണമെന്ന് സൂരജ് ആവശ്യപ്പെട്ടിട്ടുമില്ല. സംഘടനയിൽ നിന്നുള്ള പിന്തുണ കിട്ടാത്തതിനാൽ രാജിവയ്ക്കുന്നു എന്നൊരു വാട്സാപ്പ് സന്ദേശം മാത്രമാണ് ഭാരവാഹികൾക്ക് സൂരജിൽ നിന്നുണ്ടായത്. കുടുംബത്തിനുള്ളിലെ ചെറിയൊരു പിണക്കമായിട്ടാണ് ഈ വിഷയത്തെ കാണുന്നത്. വൈകാതെ ഈ പ്രശ്നം പരിഹരിക്കുമെന്നും സമത്തിൻ്റെ വേദിയിൽ സൂരജ് പാടുമെന്നും ഭാരവാഹികൾ പറഞ്ഞു.