ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിൽ അത്യപൂർവ്വ റെക്കോർഡിലേക്ക് വിരാട് കോഹ്ലിയും രോഹിത് ശർമയും. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന പാർട്ൺഷിപ്പ് എന്ന റെക്കോർഡാണ് ഇരുവരും സ്വന്തമാക്കുക. നിലവിൽ 4998 റൺസാണ് ഇരുവരും ചേർന്ന് ഒരുമിച്ച് കളിച്ച് നേടിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ ഇവർ ഒരുമിച്ച് ക്രീസിലെത്തുകയും രണ്ട് റൺസ് നേടുകയും ചെയ്താൽ പുതിയ റെക്കോർഡ് നിലവിൽ വരും.
ഇന്ത്യയുടെ ഈ സൂപ്പർ ജോഡി 85 ഇന്നിംഗ്സുകൾ ഒരുമിച്ച് കളിച്ചാണ് 4998 റൺസ് നേടിയത്. ശരാശരി 62.47… മൊത്തം 18 സെഞ്ചുറികളും 15 അർദ്ധ സെഞ്ചുറികളും ഈ കൂട്ടുക്കെട്ടിനിടെ ഇരുതാരങ്ങളും നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജിന്റെയും ഡെസ്മണ്ട് ഹെയ്നസിന്റെയും പേരിലാണ് നിലവിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികച്ചതിൻ്റെ റെക്കോർഡ്. 97 ഇന്നിംഗ്സുകളിൽ നിന്നാണ് ഇവർ ഈ നേട്ടം സ്വന്തമാക്കിയത്.
ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡൻ-ആദം ഗിൽക്രിസ്റ്റ് (104), ശ്രീലങ്കയുടെ തിലകരത്നെ ദിൽഷൻ-കുമാർ സംഗക്കാര (105) എന്നിവരാണ് പട്ടികയിൽ തൊട്ടുപിന്നിൽ. ഏകദിനത്തിൽ 4000-ത്തിലധികം റൺസ് നേടിയ ജോഡികളുടെ കാര്യത്തിൽ, 60-ൽ കൂടുതൽ ശരാശരിയുള്ളത് കോഹ്ലിക്കും രോഹിത്തിനും മാത്രമാണ്.
അതേസമയം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പാർടൺഷിപ്പുകളുടെ കാര്യത്തിൽ കോഹ്ലിയും രോഹിത്തും നിലവിൽ എട്ടാം സ്ഥാനത്താണ്. 176 ഇന്നിംഗ്സുകളിൽ നിന്നായി 47.55 ശരാശരിയിൽ 8227 റണ്‍സെടുത്ത സച്ചിൻ – ഗാംഗുലി ജോഡിയാണ് പട്ടികയിൽ ഒന്നാമത്. 117 ഇന്നിംഗ്സുകളിൽ നിന്നും 5193 റണ്‍സെടുത്ത രോഹിത്- ശിഖർ ധവാൻ സഖ്യം ഈ പട്ടികയിൽ ഏഴാം സ്ഥാനത്തുണ്ട്.