ദുബൈ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ റസിഡൻ്റ് ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുബൈ കെഎംസിസി ദുഖം രേഖപ്പെടുത്തി. യുവ ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം കേരളത്തെ നടുക്കിയിരിക്കുകയാണ് ദുബൈ കെഎംസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഔദ്യോഗിക ജീവിതത്തിലേക്ക് കാലെടുത്ത് വച്ചതിന് പിന്നാലെയാണ് 24 വയസ്സുള്ള ഒരു പെൺകുട്ടി കൊല്ലപ്പെട്ടിരിക്കുന്നത്. ഒരു തെറ്റും ചെയ്യാത്ത ആ കുട്ടിയെ ദാരുണമായി കൊന്നിരിക്കുകയാണ്. ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ പ്രതിയെ കൈകാര്യം ചെയ്ത പൊലീസ് തന്നെയാണ് ഈ സംഭവത്തിലെ ഒന്നാം പ്രതി.
ആശുപത്രിയിലെ ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കുന്നതിൽ ആഭ്യന്തര വകുപ്പും ആശുപത്രികൾക്കൊപ്പം നിൽക്കേണ്ട ആരോഗ്യ വകുപ്പും പൂർണ്ണ പരാജയമാണെന്ന് ദുബൈ കെ.എംസി.സി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി.കെ ഇസ്മായിൽ വാർത്താ കുറിപ്പിൽ പറഞ്ഞു.
സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് കൊല്ലപ്പെട്ട ഡോക്ടറെ കുറ്റപ്പെടുത്തി ആരോഗ്യ മന്ത്രിക്ക് സംസാരിക്കേണ്ടി വന്നത്. കൊലപാതകത്തേക്കാൾ മാരകമായ അപമാനമാണ് ആ പ്രസ്താവന ആ കുട്ടിക്കും കുടുംബത്തിനും ഉണ്ടാക്കുന്നത്. രാത്രിയും പകലും ഡ്യൂട്ടിയിലിരിക്കുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരെയും നഴ്സുമാരെയും സംരക്ഷിക്കാൻ നിയമങ്ങൾ ശക്തമാക്കണമെന്നും നേതാക്കൾ കൂട്ടി ചേർത്തു.
ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പ്രതി ആക്രമിച്ചത്. നെടുമ്പന സ്വദേശി എസ്.സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ഇന്നു പുലർച്ചെ നാലരയോടെ അയൽവാസിയുടെ വീടിൻ്റെ മതിൽ ചാടിക്കടന്ന് സന്ദീപ് ബഹളം വച്ചു. തുടർന്ന് ചേർന്ന് ഇയാളെ തടഞ്ഞു. ഈ സമയം സന്ദീപ് തന്നെ പൊലീസിനെ വിളിച്ചു വരുത്തുകയും തൻ്റെ കാലിന് പരിക്കേറ്റെന്ന് പരാതിപ്പെടുകയും ചെയ്തു.
സ്ഥലത്ത് എത്തിയ കൊട്ടാരക്കര പൊലീസ് ഇയാളുമായി താലൂക്ക് ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ വച്ച് സാധാരണ നിലയിൽ പെരുമാറിയ സന്ദീപിനെ ഡോക്ടർ വന്ദനയും നഴ്സുമാരും പരിശോധിച്ചു. ഇവർ ഇയാളുടെ കാലിലെ മുറിവ് തുന്നിക്കെട്ടുന്നതിനിടെ അയൽവാസിയും ബന്ധുവുമായ ബിനു സന്ദീപിനെ തേടി ക്വാഷ്യലിറ്റി മുറിയിലേക്ക് എത്തി. ബിനുവിനോടെ കണ്ട മാത്രയിൽ പ്രകോപിതനായ സന്ദീപ് മുറിവ് തുന്നിക്കെട്ടാൻ ഉപയോഗിച്ച കത്രിക പിടിച്ചു വാങ്ങി എല്ലാവരേയും ആക്രമിക്കുകയായിരുന്നു.
ബിനുവിനെ ആദ്യം ആക്രമിച്ച സന്ദീപ് ഇയാളുടെ ചെവിയിലും പുറത്തും കത്രിക കൊണ്ട് കുത്തി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനേയും സന്ദീപിനൊപ്പം എത്തിയ എ.എസ്.ഐയേയും മറ്റൊരു പൊലീസുകാരനേയും കുത്തി. ഇതിനിടയിൽ ആശുപത്രിയിലുണ്ടായിരുന്ന മറ്റു ജീവനക്കാർ ഡ്യൂട്ടി റൂമിൽ കേറി വാതിലടച്ചു. എന്നാൽ ഡോ.വന്ദന ഈ സമയം ക്യാഷ്വാൽറ്റിയിൽ അകപ്പെട്ടു പോയി.
വന്ദനയെ കണ്ട സന്ദീപ് ഡോക്ടറുടെ നെഞ്ചത്തേക്ക് കത്രിക കുത്തിക്കേറ്റി. ആക്രമണത്തിൽ നിലത്തു വീണ വന്ദനയുടെ ദേഹത്ത് കയറിയിരുന്നു പിന്നെ അഞ്ച് തവണ കൂടി ഡോക്ടറെ ഇയാൾ കുത്തി. ഗുരുതരാവസ്ഥയിൽ ആദ്യം താലൂക്ക് ആശുപത്രിയിലെ ഐസിയുവിലും പിന്നെ തിരുവനന്തപുരം കിംസിലും പ്രവേശിപ്പിച്ച ഡോക്ടർ വന്ദന ഇന്ന് രാവിലെ എട്ടേ മുക്കാലോടെയാണ് മരണപ്പെട്ടത്. ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള കുത്തും രക്തം വാർന്നതും മരണകാരണമായെന്നാണ് ഡോക്ടർമാർ പറയുന്നത്. കത്തി കൊണ്ടുള്ള ശക്തമായ കുത്തിൽ ഡോ.വന്ദനയുടെ സ്പൈനൽ കോഡ് തകർന്നതായും പറയുന്നു.