വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെജിഎംഒഎ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങള്‍ക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക, സിസിടിവി ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങി ആറോളം ആവശ്യങ്ങളാണ് കെജിഎംഒഎ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് കെജിഎംഒഎയുടെ കത്ത്.
പ്രസിഡന്റ് ഡോ സുരേഷ് ടി.എന്‍, ജനറല്‍ സെക്രട്ടറി ഡോ സുനില്‍ പി.കെ എന്നിവരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.
കെജിഎംഒഎയുടെ ആവശ്യങ്ങള്‍
ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക
സിസിടിവി ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക
അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആംഡ് റിസര്‍വ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുക
അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുക
പൊലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക
അത്യാഹിത വിഭാഗത്തില്‍ ഒരു ഷിഫ്റ്റില്‍ രണ്ട് സിഎംഒ മാരെ ഉള്‍പ്പെടുത്താന്‍ സാധിക്കും വിധം കൂടുതല്‍ സിഎംഒ മാരെ നിയമിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക
എന്നിവയാണ് കെജിഎംഒഎ ഉന്നയിച്ച ആവശ്യങ്ങള്‍