കണ്ണൂർ: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈന്യവും അർധസൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു ആൽബർട്ട് അഗസ്റ്റിൻ. 48 വയസായിരുന്നു.
ആൽബർട്ട് അഗസ്റ്റിൻ്റെ മരണവാർത്ത സ്ഥിരീകരിച്ച സുഡാനിലെ ഇന്ത്യൻ എംബസി അദ്ദേഹത്തിൻ്റെ കുടുംബവുമായി നിരന്തരസമ്പർക്കത്തിലാണെന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
സുഡാനിലെ പ്രാദേശിക സമയം ഇന്നലെ രാത്രിയായിരുന്നു സംഭവം. സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും ഉപമേധാവിയും അർദ്ധസൈനിക കമാൻഡറുമായ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിൽ ആഴ്ച്ചകളായി നീണ്ടു നിൽക്കുന്ന അഭിപ്രായഭിന്നതയാണ് സുഡാൻ സൈന്യവും രാജ്യത്തെ അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴി തുറന്നത്. ഖർത്തൂമിന് പുറത്തേക്കും വ്യാപിക്കുന്ന സംഘർഷത്തിൽ ഇതുവരെ 56 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.
സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ വിമാനത്താവളത്തിന്റേയും പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിൻ്റേയും നിയന്ത്രണം ഏറ്റെടുത്തതായി അർധസൈനികവിഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരുവിൽ ഇരുവിഭാഗം സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. തലസ്ഥാന നഗരത്തിലെ തെരുവുകളിൽ നിരവധി തവണ ഇരുവിഭാഗം തമ്മിൽ വെടിവയ്പ്പുണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം രൂപപ്പെട്ടപ്പോൾ മേഖലയിലെ ഇന്ത്യക്കാരോട് സുരക്ഷിതരമായി വീട്ടിൽ തുടരാൻ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. ഖർത്തൂമിലെ ഫ്ലാറ്റിലിരുന്ന് നാട്ടിലുള്ള ബന്ധുവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ജനൽ വഴി ആൽബർട്ടിന് വെടിയേറ്റത്. വിമുക്തഭടൻ കൂടിയാണ് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിൻ.മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ. സൈബല്ലയാണ് ആൽബർട്ടിൻ്റെ ഭാര്യ. ഓസ്റ്റീൻ, മാറീറ്റ എന്നിവരാണ് മക്കൾ.