തിരുവനന്തപുരം: മധ്യ-വടക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും ലഭിച്ചേക്കും. മഴ സാധ്യത മുൻനിർത്തി ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മഴയ്ക്കും കാറ്റിനുമുള്ള സാധ്യത മുൻനിർത്തി കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
തെക്കൻ ഒഡീഷയ്ക്കും – വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി ഒരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. മറ്റന്നാളോടെ (ജൂലൈ 24) ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള് ഇങ്ങനെ
23-07-2023 ഞായർ : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
24-07-2023 തിങ്കൾ : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
25-07-2023 ചൊവ്വ : ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
അതേസമയം, കോഴിക്കോട് ജില്ലയിൽ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങളുണ്ടായി. കോഴിക്കോട് താമരശേരിയിലും വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ഇന്ന് (ജൂലൈ 22) രാവിലെ 11 മണിക്കാണ് ഷട്ടറുകൾ ഉയർത്തിയത്.