അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് അപേക്ഷ സമർപ്പിച്ചത്. അതേസമയം നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം അത്യാസന്ന നിലയില്‍ എത്തിയ നായകളെ ദയാവധം ചെയ്യാമെന്നതേ അനുവദിക്കുന്നുള്ളു. പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അതുകൊണ്ടുതന്നെ സുപ്രിം കോടതിയുടെ അനുവാദം വേണം. ഇതിനായുള്ള നീക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ മാത്രം അവയെ കൊല്ലാൻ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നാൽ നിലവിൽ സംസ്ഥാനത്ത് പേപ്പട്ടി ശല്യം രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സർക്കാരിന്റെ ആവശ്യം. അതേസമയം എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗന് സമിതി സുപ്രിം കോടതിയെ അറിയിച്ചു.
എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്പിക്കാൻ അനുമതി നൽകണമെന്ന് ഇക്കാര്യത്തില്‍ കേരളം നിർദേശിക്കുന്നു. കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങളായ കണ്ണൂര്‍ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോര്‍പറേഷനുമാണ് ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ സുപ്രിം കോടതിയെ സമീപിച്ചത്. അതേസമയം കേരളത്തില്‍ നായകളെ കൂട്ടത്തോടെ കൊല്ലാനുള്ള ഗൂഡാലോചന നടക്കുന്നു എന്ന് ആരോപിച്ച് സുപ്രിം കോടതിയില്‍ മറ്റൊരു ഹര്‍ജ്ജിയും എത്തിയിട്ടുണ്ട്. അപേക്ഷകള്‍ നാളെയാണ് സുപ്രിം കോടതി പരിഗണിയ്ക്കുക.