ഹര്‍ദോയ്: ഉത്തര്‍പ്രദേശില്‍ വൈകി വീട്ടിലെത്തിയതിന് മകനെ നഗ്നനാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് അച്ഛന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. 10 വയസുള്ള ആള്‍കുട്ടിയെ ആണ് റെയില്‍വേ ട്രാക്കില്‍ ഇരുത്തിയത്.
കുട്ടിയുടെ കൈകാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയ നിലയില്‍ നഗ്നനായി ട്രാക്കിലിരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്തിനാണ് കുട്ടിയെ ഇങ്ങനെ ഇരുത്തിയിരിക്കുന്നതെന്നും ദൂരെ ട്രെയിന്‍ വരുന്നുണ്ടെന്നും കുട്ടിയെ മാറ്റണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
രാത്രി വൈകി വീട്ടിലെത്തിയതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ സഹോദരിയും അച്ഛനോട് ട്രാക്കില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രെയിന്‍ വരുന്നത് കാണുന്ന സഹോദരി അച്ഛനോട് അനുജനെ എഴുന്നേല്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇയാള്‍ കുട്ടിയെ ട്രാക്കില്‍ നിന്നും മാറ്റുന്നത്.
ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ആര് ബി സിംഗ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ടീമിന് രൂപം കൊടുത്തു. സംഭവത്തില്‍ പൊലീസ് കുട്ടിയുടെ അച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി.