മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ എന്നിവർ യൂറോപ്പ് സന്ദർശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ ആദ്യവാരം തുടങ്ങുന്ന യാത്ര രണ്ടാഴ്ച നീണ്ടുനിൽക്കും.മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡും നേര്‍വേയും സന്ദര്‍ശിക്കാനാണ് പോകുന്നത്.
വിദ്യാഭ്യാസ മേഖലയിലെ സഹകരണം വാഗ്ദാനം ചെയ്ത് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അടങ്ങുന്ന സംഘത്തിൻ്റെ യൂറോപ്യൻ പര്യടനത്തിന് മുൻപ് തന്നെ മന്ത്രി മുഹമ്മദ് റിയാസ് പാരിസ് സന്ദർശിക്കുമെന്നാണ് വിവരം. ഈ മാസം 19 മുതൽ 24 വരെയാണ് പൊതുമരാമത്ത് മന്ത്രിയുടെ പാരീസ് സന്ദർശനം. മന്ത്രി വി എൻ വാസവനും വിദേശ യാത്രയ്ക്ക് തയാറെടുക്കുകയാണ്.ഈ മാസം 19ന് പാരിസിൽ നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കാനാണ് യാത്ര.
മുഖ്യമന്ത്രിയും സംഘവും ഫിൻലൻഡിന് പുറമേ നോർവെയും സന്ദർശിക്കുന്നുണ്ട്. ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചപ്പോൾ ഫിൻലൻഡിലേക്ക് ക്ഷണിച്ചിരുന്നെന്നാണ് വിശദീകരണം.ലണ്ടൻ സന്ദർശനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുണ്ടാകുമെന്നാണ് വിവരം.
മുൻപ് പ്രളയത്തെ അതിജീവിക്കാൻ നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശനം നടത്തിയിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം.