സംസ്ഥാനം പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവെക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ഒപ്പിടേണ്ട എട്ടോളം ബില്ലുകള്‍ ഇനിയും ഉണ്ടെന്നും അതില്‍ മൂന്ന് ബില്ലുകള്‍ ഒരു വര്‍ഷവും 10 മാസവും കഴിഞ്ഞെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിന് മുതിര്‍ന്ന അഭിഭാഷകന് കെ കെ വേണുഗോപാലിന്റെ സേവനം തേടും. ഫാലി എസ് നരിമാന്റെ അഭിപ്രായം സര്‍ക്കാര്‍ നേരത്തെ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ നീട്ടിക്കൊണ്ട് പോകാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്ന് ഹര്‍ജിയിലൂടെ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്ററി ജനാധി പത്യ സംവിധാനത്തില്‍ നിയമ നിര്‍മാണം നിയമസഭകളുടെ ചുമതലയാണ്. ബില്ലുകള്‍ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിമാരടക്കം ബില്ലുകളില്‍ വിശദീകരണം നല്‍കിയതാണ്. എന്നിട്ടും തീരുമാനം ആയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
വൈസ് ചാന്‍സലര്‍ നിയമനം അടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകള്‍ പിടിച്ചുവെക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാല്‍ തെറ്റ് പറയാനാവില്ല. ബില്ലുകള്‍ കാലതാമസം വരുത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതാണ്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയല്ലാതെ മറ്റൊന്നും സര്‍ക്കാരിന് ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.