സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ പരിഷ്കരണം വരുത്തിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കാനൊരുങ്ങുന്നു. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കണം എന്ന പരിഷ്കരണ നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരമായി സ്കൂൾ അന്തരീക്ഷം എന്നാക്കി മാറ്റിയിരുന്നു.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്തണമെന്ന നിർദ്ദേശനത്തിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് തിരുത്തൽ നടപടി സ്വീകരിക്കുന്നത്. അതേസമയം ജൻഡർ ന്യൂട്രൽ യൂണിഫോം, ലിംഗ സമത്വം തുടങ്ങിയ ആശയങ്ങളോട് വിയോജിപ്പ് കാണിച്ചിരുന്ന മുസ്ലിം ലീഗ് നേതൃത്വം പുതിയ നിർദ്ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട് . ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ മാറുമെന്നും ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരിക്കുന്നത് അപകടമാണെന്നുമായിരുന്നു ലീഗിന്റെ വാദം ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്ന് പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഒരു സ്കൂളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കണം എന്ന് സ്കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ മാത്രം താല്പര്യമുള്ള സ്കൂളുകളിൽ ആശയം നടപ്പിലാക്കും. അല്ലാത്തപക്ഷം ആരെയും സർക്കാർ നിർബന്ധിക്കുകയില്ലയെന്നും മന്ത്രി വ്യക്തമാക്കി. നിലപാട് അറിയിച്ചതിന് ശേഷവും തെറ്റിദ്ധാരണകൾ പരത്തുന്നതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുമെന്നും മന്ത്രി അറിയിച്ചു.