ഹൈദരാബാദ്: പുഷ്പ 2ന്റെ പ്രീമിയർ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സംഭവത്തിൽ റിമാൻഡിലായ അല്ലു അർജുൻ ജയിൽ മോചിതനായി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നുവെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചതോടെയാണ് ഇന്ന് പുലർച്ചെ ജയിലിൽ നിന്നും ഇറങ്ങിയത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ജയിലിന്റെ പിൻഗേറ്റ് വഴിയാണ് പുറത്തിറക്കിയത്.
ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.അല്ലു അർജുനൊപ്പം തീയറ്റർ ഉടമകളും ജയിൽ മോചിതരായി. സന്ധ്യ തീയറ്റർ മാനേജ്മെൻറ് ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
അവർക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം റിലീസ് ചെയ്തു.അതേസമയം, ജയിൽ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകർ പറഞ്ഞു. ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്തിയിരുന്നു. എന്നിട്ടും ജയിൽ മോചനം വൈകി എന്ന് അഭിഭാഷകർ ആരോപിച്ചു.