പ്രീ സീസൺ മത്സരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ ദുബായിലെത്തി. ദുബായിലെത്തിയ മഞ്ഞപ്പടയ്ക്ക് വൻ സ്വീകരണമാണ് യുഎഇയിലുള്ള ആരാധകർ ഒരുക്കിയത്. കഴിഞ്ഞ സീസണിൽ ഫൈനലിസിറ്റായ ടീം ഇത്തവണ ചാംപ്യൻപട്ടമാണ് ലക്ഷ്യമിടുന്നത്. അതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ് ബ്ലാസ്റ്റേഴ്സിന്റെ ദുബായിലെ മത്സരങ്ങൾ. യുഎഇയിലെ മൂന്നു വമ്പന്‍ ക്ലബുകളെയാണ് ടീം നേരിടുക.
ആഗസ്റ്റ് 20ന് ദുബായ് അൽ മക്തും സ്റ്റേഡിയത്തിലാണ് ആദ്യ മൽസരം. യുഎഇ പ്രോ ലീഗ് ടീമായ അൽ നാസർ എഫ് സിയാണ് എതിരാളികൾ. 25ന് ദിബ്ബ എഫ് സിയേയും 28ന് ഹത്ത ക്ലബിനെയും നേരിടും. അൽ നാസർ കൾച്ചറൽ ആന്‍ഡ് സ്പോർട് ക്ലബിൽ 12 ദിവസം ടീം ക്യാംപ് ചെയ്യും.
കഴിഞ്ഞ തവണ ഫൈനലിലേയ്ക്ക് നയിച്ച ഇവാൻ വുകുമനോവിച്ചിന്റെ ശിക്ഷണത്തിലാണ് ടീം ഇത്തവണയും കളിക്കളത്തിലിറങ്ങുക. മലപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള വെൽത്ത് ഐ ആണ് മത്സരത്തിന്റെ പ്രധാന പ്രായോജകർ