കെ ബി ഗണേഷ് കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കടന്നപ്പള്ളി രാമചന്ദ്രനാണ് ആദ്യം സത്യ പ്രതിജ്ഞ ചെയ്തത്. രണ്ടാമതായാണ് കെ ബി ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്തു. രാമചന്ദ്രന് കടന്നപ്പള്ളി സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കെ ബി ഗണേഷ് കുമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയായും രാമചന്ദ്രന് കടന്നപ്പള്ളി തുറുമുഖ വകുപ്പ് മന്ത്രിയായുമാണ് സ്ഥാനമേറ്റെടുക്കുക. മന്ത്രിമാര്‍ ഇന്ന് തന്നെ ചുമതലേല്‍ക്കും.
തിരുവനന്തപുരത്ത് കേരള രാജ്ഭവിന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ചടങ്ങുകള്‍ നടന്നത്. വേദിയില്‍ മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
രാമചന്ദ്രന് കടന്നപ്പള്ളിക്ക് നേരത്തെ ഉപയോഗിച്ചിരുന്ന ഓഫീസ് മുറി തന്നെയാണ് നല്‍കിയിരിക്കുന്നത്. കെ ബി ഗണേഷ് കുമാറിന് അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഓഫീസ് ആണ് നല്‍കിയിരിക്കുന്നത്.
എല്‍.ഡി.എഫ് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ടേം വ്യവസ്ഥയില്‍ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
സ്ഥാനമൊഴിഞ്ഞ ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കേരള രാജ്ഭവനില്‍ എത്തിയിരുന്നു. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.