വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധയെന്ന സ്ത്രീ കടുവാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാർ വൻപ്രതിഷേധത്തിൽ.ഒരാൾ മരിച്ചിട്ട് നഷ്ടപരിഹാരം കൊടുത്താൽ മതിയാകുമോ എന്ന് നാട്ടുകാർ ചോദിച്ചു.കടുവയെ കൊല്ലാനാകില്ലെങ്കിൽ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
‘കടുവയെ നേരിൽ കണ്ടാൽ നിങ്ങൾക്ക് കൊല്ലാനാകുമോ? അല്ലെങ്കിൽ നിങ്ങൾക്ക് കടുവയെ കണ്ടുപിടിക്കാനാകുമോ? എന്തുകൊണ്ടാണ് ബോധവൽക്കരണം നടത്താത്തത്? എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങൾ ബന്ധപ്പെടുന്നില്ല? കടുവയെ കൊലപ്പെടുത്താൻ നിങ്ങൾക്ക് ലഭിച്ച ഉത്തരവിൽ ഞങ്ങൾക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി വേണം.
കടുവയെ കൊല്ലാനാകില്ലെങ്കിൽ തങ്ങളെ വെടിവെച്ച് കൊല്ലണം’- പ്രതിഷേധക്കാർ പറഞ്ഞു.ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറാ ട്രാപ്പിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവയുടെ കാൽപാദം കണ്ടെന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്.