സ്ത്രീകള്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കികൊണ്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും. സിദ്ധരാമയ്യ തന്നെ നാളെ ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കികൊണ്ട് ‘ശക്തി പദ്ധതി’ക്ക് തുടക്കം കുറിക്കും.
നാളെ 11 മണിക്ക് മജസ്റ്റിക് ബസ് സ്റ്റേഷനില്‍ നിന്ന് ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (ബിഎംടിസി) ബസില്‍ വെച്ച് ‘പിങ്ക് ടിക്കറ്റ്സ്’ സ്ത്രീകള്‍ക്ക് വിതരണം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് കിലോമീറ്റര്‍ അകലെയുള്ള വിധാന സൗധയില്‍ മുഖ്യമന്ത്രി ഇറങ്ങും.
സംസ്ഥാനത്ത് എല്ലായിടത്തും സ്ത്രീകള്‍ക്കായുള്ള ആനുകൂല്യം കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാതിയുടെയോ മതത്തിന്റെയോ ഒന്നും പേരില്‍ ഒരു സ്ത്രീക്കും ആനുകൂല്യം ലഭിക്കാതെ പോകരുത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനും ശക്തി സ്കീമിന്റെ ലോഞ്ചില്‍ പങ്കെടുക്കും.
സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയ്ക്കായുള്ള ശക്തി സ്മാര്‍ട്ട് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനും സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗജന്യ യാത്ര ലഭിക്കാന്‍ സ്ത്രീകള്‍ അഡ്രസ് ഉള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡും കയ്യില്‍ വെക്കണം. പദ്ധതി ആരംഭിച്ച് മൂന്ന് മാസം കഴിയുമ്പോഴേക്കും എല്ലാ സ്ത്രീകളും സ്മാര്‍ട്ട് കാര്‍ഡുകള്‍ സൗജന്യ യാത്രയ്ക്കായി കയ്യില്‍ വെക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഉള്‍പ്പെടെ എല്ലാ സ്ത്രീകളും പദ്ധതിയുടെ ഭാഗമാകും.