ഹിജാബ് നിരോധനത്തില്‍ സുപ്രധാന നീക്കവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാമെന്നും കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളില്‍ ഇനി വിലക്കുണ്ടാകില്ലെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്.
ഹിജാബ് വിലക്ക് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബ് നിരോധനം ഘട്ടം ഘട്ടമായി നീക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിന് ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടകയിലെ മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിരോധനം അധികാരത്തിലെത്തിയാല്‍ നീക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായി അവതരിപ്പിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലും പരീക്ഷകളിലും മറ്റു പൊതു പരീക്ഷകളിലും ഹിജാബിന് നിരോധനമേര്പ്പെടുത്തിക്കൊണ്ടായിരുന്നു മുന്‍ ബിജെപി സര്‍ക്കാരിന്റെ ഉത്തരവ്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും സര്‍ക്കാര്‍ ഹിജാബ് നിരോധനവുമായി മുന്നോട്ട് പോകുകയായിരുന്നു.