സുഡാനിലെ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത് 36 മണിക്കൂറുകൾക്ക് ശേഷമെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ മൊയ്തീൻ. നാലോ അഞ്ചോ ആംബുലൻസുകളെത്തിയെങ്കിലും മൃതദേഹം കൊണ്ട്പോകാൻ സൈന്യം സമ്മതിച്ചില്ലെന്നും മൊയ്തീൻ പറഞ്ഞു.
“സുഡാനിൽ സൈന്യവും ജനങ്ങളും തമ്മിൽ ഇടയ്ക്കിടെ സംഘർഷങ്ങളുണ്ടാകാറുണ്ട്. ശബ്ദം കേട്ടപ്പോൾ ആദ്യം അതാണെന്നാണ് കരുതിയത്,. എന്നാൽ പുറത്തു നോക്കിയപ്പോഴാണ് സംഘർഷത്തിന്റെ ഭീകരത മനസ്സിലായത്. ആൽബർട്ട് ആദ്യം വരാന്തയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മകന്റെ ഫോൺ വന്ന ശേഷം ജനലരികിൽ നിന്നും സംസാരിക്കുകയായിരുന്നു. അപ്പപ്പോഴാണ് ജനലിലൂടെ വെടിയുണ്ട ആൽബർട്ടിന്റെ നെറ്റിയിൽ തുളഞ്ഞു കയറിയത്. പെട്ടെന്ന് അഡ്മിൻ മാനേജറെ വിളിച്ച് ആംബുലൻസ് റെഡിയാക്കാൻ പറഞ്ഞു. എന്നാൽ നാലോ അഞ്ചോ ആംബുലൻസുകളെത്തിയിട്ടും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ സൈന്യം സമ്മതിച്ചില്ല. മൃതദേഹം അവിടെ നിന്ന് മാറ്റാൻ 36 മണിക്കൂർ സമയമെടുത്തു. വളരെ കഷ്ടപ്പെട്ടായിരുന്നു അവിടെ കഴിഞ്ഞത്. ഇത്രയും ദിവസം ഫ്ലാറ്റിന്റെ പാർക്കിങ്ങിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത് “-സംഭവത്തിന്റെ ദൃക്സാക്ഷിയും ആൽബർട്ടിന്റെ സുഹൃത്തുമായ മൊയ്തീൻ പറഞ്ഞു.
ആൽബർട്ടിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രിയിലെ മോർച്ചറിയിലാണുള്ളയതെന്നും വിമാന സർവീസ് പുനരാരംഭിച്ചാലുടൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്ന് മന്ത്രി വി. മുരളീധരൻ ഉറപ്പ് നൽകിയതായും മൊയ്തീൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആൽബെർട്ടിന്റെ ഭാര്യ സൈബെല്ലയും മകൾ മെറീറ്റയും നെടുമ്പാശ്ശേരി വിമാനത്തവാളത്തിലെത്തിയത്. ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരിയുടെ സഹായത്താലാണ് ഇരുവരും ജിദ്ധയിലെത്തിയിരുന്നത്. തുടർന്ന് സൗദി എയർലൈൻസ് വിമാനത്തിലെത്തിയ ഇരുവരും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഏർപ്പാടാക്കിയ പ്രത്യേക കാറിലാണ് കണ്ണൂർ ആലക്കോട്ടുള്ള വീട്ടിലെത്തിയത്