കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കണ്ണൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിനായി പ്ലാറ്റ് ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ട്രെയിനിന്റെ ഏറ്റവും പിന്നിലെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്.
അപകടം നടക്കുമ്പോള്‍ യാത്രക്കാര്‍ ആരും തന്നെ ട്രെയിനില്‍ കയറിയിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബോഗികള്‍ പാളം തെറ്റിയപ്പോള്‍ സിഗ്നല്‍ ബോക്സ് ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. പാളം തെറ്റിയത് പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാതയിലാണ് എന്നതിനാല്‍ തന്നെ ട്രെയിന്‍ സര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ല.
പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. ബോഗികള്‍ മാറ്റുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചുവരികയാണെന്ന് റെയില്‍വേ അറിയിച്ചു.