സി.പി.ഐക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടത് സാങ്കേതികമായി മാത്രമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അംഗീകാരമില്ലാത്ത കാലത്തും പാര്‍ട്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സമാകില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
പരിഷ്കരിച്ച മാനദണ്ഡം അനുസരിച്ച് സി.പി.ഐക്ക് ദേശീയ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നേരത്തെ തന്നെ വിശദീകരണം ചോദിച്ചിരുന്നു. പാര്‍ലമെന്റിലെയും നിയമസഭയിലെയും പ്രാതിനിധ്യം മാത്രം വെച്ച് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ പഴക്കം, ഏതെല്ലാം സംസ്ഥാനങ്ങളില്‍ അതിന് ഘടകങ്ങളുണ്ട് അതിന് പ്രവര്‍ത്തനങ്ങളുണ്ട് എന്നെല്ലാം നോക്കണമെന്നും വാദിച്ചിരുന്നു. എന്നാല്‍ അവസാനം ഈ വാദഗതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചില്ലെന്ന് കാനം പറഞ്ഞു.
‘ഇപ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി 2019ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. അതുകൊണ്ട് ഇത് മാത്രം നോക്കി തീരുമാനമെടുക്കാനാവില്ല. എന്നാല്‍ പരിഷ്കരിച്ച മാനദണ്ഡത്തിനനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്ന് ഇലക്ഷന് കമ്മീഷന് തീരുമാനിച്ചതുകൊണ്ടാണ് അംഗീകാരം നഷ്ടപ്പെട്ടത്. അത് ഇലക്ഷന് കമ്മീഷനുമായി ബന്ധപ്പെട്ട സാങ്കേതികമായ കാര്യം മാത്രമാണ്. ഞങ്ങളുടെ രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ ഇത് ഒരു തടസ്സമേ അല്ല. അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്. അത് തുടര്‍ന്നും പ്രവര്‍ത്തിക്കും. ഈ വിഷയത്തില്‍ തുടര്‍ന്ന് എന്ത് വേണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. ഈ മാനദണ്ഡം ഇന്ന് തീരുമാനിച്ചതല്ല. അത് 2014ലെ തെരഞ്ഞെടുപ്പിന് ശേഷം പുതുക്കി നിശ്ചയിച്ച മാനദണ്ഡമാണ്,’ കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് സി.പി.ഐ, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ദേശീയ പദവി നഷ്ടമായതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്. 2014, 2019 വര്‍ഷങ്ങളിലെ സീറ്റ് നില, വോട്ട് ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം. ബംഗാളിലും സംസ്ഥാനപാര്‍ട്ടി സ്ഥാനം നഷ്ടമായതോടെയാണ് സി.പി.ഐ ദേശീയ പാര്‍ട്ടി അല്ലാതായത്. കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്ക് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി ഇല്ലാതായി.
അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിക്ക് ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുണ്ട്. ദേശീയ പദവി സ്ഥാനം നഷ്ടമായതോടെ മറ്റ് സംസ്ഥാനങ്ങളില്‍ സി.പി.ഐക്ക് തെരഞ്ഞെടുപ്പ് ചിഹ്നമടക്കം നഷ്ടമാകും. ഇതോടെ രാജ്യത്ത് ആറ് പാര്‍ട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ ദേശീയ പദവിയുള്ളത്. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം, ബി.എസ്.പി, എന്‍.പി.പി എന്നിവയാണ് എ.എ.പിയെ കൂടാതെയുള്ള പാര്‍ട്ടികള്‍.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നല്‍കുന്നത്. ഒരു പാര്‍ട്ടിക്ക് 4 സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടി പദവി ലഭിച്ചാല്‍ ദേശീയ പാര്‍ട്ടി പദവി ലഭിക്കും. 3 സംസ്ഥാനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരു പാര്‍ട്ടി ലോക്സഭയില്‍ 3 ശതമാനം സീറ്റ് നേടിയാല്‍. അതായത് 11 സീറ്റുകള്‍ നേടേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഈ സീറ്റുകള്‍ കേവലം ഒരു സംസ്ഥാനത്ത് നിന്നുള്ളതാകരുത്, മറിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാര്‍ട്ടിക്ക് 4 ലോക്സഭാ സീറ്റുകള്‍ക്ക് പുറമേ 4 സംസ്ഥാനങ്ങളില്‍ 6% വോട്ടുകള്‍ ലഭിച്ചാല്‍ ഒരു ദേശീയ പാര്‍ട്ടിയായി കണക്കാക്കപ്പെടും.