നാഗർകോവിൽ: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഹിന്ദു മുന്നണിയുടെ അധ്യക്ഷനായ കനൽ കണ്ണൻ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്തുവെന്ന ഡിഎംകെ നേതാവിൻ്റെ പരാതിയിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ നാഗർകോവിൽ സൈബർ ക്രൈം ഓഫീസിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രൈസ്തവ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവച്ചതിന് കുറച്ച് ദിവസം മുൻപ് കനൽ കണ്ണനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു. കന്യാകുമാരിയിലെ ഡിഎംകെ നേതാവ് ഓസ്റ്റിൻ ബെന്നറ്റും കനൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ക്രൈസ്തവരെ അപകീർത്തിപ്പെടുത്തുന്നതും മതവൈര്യം പടർത്തുന്നതുമാണെന്നാണ് ഓസ്റ്റിൻ്റെ പരാതിയിൽ പറയുന്നത്. ശ്രീരംഗം ക്ഷേത്രത്തിന് സമീപത്തുള്ള പെരിയാറിൻ്റെ പ്രതിമ തകർക്കാൻ പൊതുയോഗത്തിൽ ആഹ്വാനം ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റിലും ഇയാൾ അറസ്റ്റിലായിരുന്നു.